ചെഗുവേരക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് കോഴിക്കോട് കുന്നമംഗലത്ത് യുവാക്കളെ മര്‍ദിച്ചതായി പരാതി. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാക്കളിലൊരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്
പതിമംഗലത്തെ യുവാക്കളെന്ന സമൂഹ മാധ്യമ ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് പ്രശ്നങ്ങൾക്ക് കാരണം. ചെഗുവേരെയെ അപമാനിച്ചെന്ന് ആരോപിച്ച് ഗ്രൂപ്പിൽ ചൂടേറിയ ചർച്ചയായി. ചർച്ച കയ്യാങ്കാളിയിലെത്തിയതോടെ നാട്ടുകാരുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. ഇതിന് ശേഷം പോസ്റ്റിട്ട അജ്നാനെന്ന യുവാവിനെ പതിയിരുന്ന് ആക്രമിച്ചെന്നാണ് പരാതി. നിലവിളി കേട്ട് തടയാനെത്തിയ സുഹൃത്ത് അജ്മലിനും ക്രൂരമായി മർദനമേറ്റു. തലയ്ക്ക് സാരമായി പരുക്കേറ്റ അജ്നാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്
പതിമംഗലം ടൗണിലെ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരുക്കേറ്റവർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല