സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നിലനിർത്താൻ പാലക്കാട് തയ്യാറായി. കല്ലടിയും പറളിയും മുണ്ടൂരും മാത്തൂരും ഉൾപ്പെടുന്ന കായികച്ചരടിലാണ് ജില്ലയുടെ പ്രതീക്ഷ. 180 പേരാണ് ജില്ലയില്‍ നിന്ന് പാലായിലേക്ക് വണ്ടി കയറുന്നത്.
പാലക്കാടൻ ചൂടിൽ തീവ്രപരിശീലനം പൂർത്തിയാക്കി ജില്ലാ മൽസരത്തിൽ മികവു പുലർത്തി എല്ലാവരും മികച്ച ഫോമിലാണ്. കഴിഞ്ഞതവണ 28 സ്വർണവും 25 വെളളിയും ഉൾപ്പെടെ 255 പോയിന്റ് നേടിയാണ് ജില്ല സംസ്ഥാനചാംപ്യനായത്. കല്ലടി , പറളി , മാത്തൂർ, മുണ്ടൂർ , തുടങ്ങിയ മുൻനിര സ്കൂളുകൾ സ്വർണക്കുതിപ്പിന് വേഗമാകും. കല്ലടി സ്കൂളിൽ നിന്ന് 33 പേരാണ് സംസ്ഥാനകായികമേളയിലെത്തുക. കഴിഞ്ഞതവണ ട്രിപ്പിൾ സ്വർണം നേടിയ സി.ചാന്ദിനി ഉൾപ്പെടുന്ന മികച്ച ടീം തയ്യാറായിക്കഴിഞ്ഞു.
ജില്ലാ കായികമേളയിൽ 61 പോയിന്റ് നേടിയ മൂണ്ടൂരും പ്രാദേശികമായി പുതിയ താരങ്ങളിലൂടെ ജില്ലയിൽ നാലാംസ്ഥാനത്തുളള മാത്തൂർ സിഎഫ്ഡിവിയും, വാണിയംകുളം ടിആർെകയും തിളക്കമേകുന്നു. രാജ്യാന്തര , ദേശീയ മൽസരങ്ങളിലെ പ്രകടനം സംസ്ഥാന സ്കൂൾ കായികമേളയിലും ആവർത്തിച്ചാൽ പാലക്കാടിന് തന്നെയാകും ചാംപ്യൻപട്ടം.