കുട്ടികളെ ആകർഷിക്കാൻ പഴയ കെഎസ്ആർടിസി ബസിന്റെ രൂപഭാവത്തിലേക്ക് മാറി തലശേരിയിലെ പഴയകാല സ്കൂൾ. തയ്യിൽ മേലൂർ ജൂനിയർ ബേസിക് സ്കൂളാണ് പുതുമയാകുന്നത്.
മുന്നിൽ നിന്ന് നോക്കിയാലും വശങ്ങളിൽനിന്ന് നോക്കിയാലും ആദ്യം ഒന്ന് സംശയിക്കും. ഇത് പഴയ കെഎസ്ആർടിസി ബസ് തന്നെയാണോയെന്ന്. അകത്ത് കയറിയാൽ കാണുന്നത് വിദ്യാർഥികളെയും അധ്യാപകരെയുമായിരിക്കും. പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനാണ് ധർമടം പഞ്ചായത്തിന്റെ ഈ ഐഡിയ. 97വർഷം മുൻപ് സ്ഥാപിതമായ സ്കൂളിനെ പുതു തലമുറ കൈയൊഴിഞ്ഞുതുടങ്ങിയതോടെ പഞ്ചായത്ത് ദത്തെടുത്ത് രൂപം അങ്ങ് മാറ്റി. പ്രദേശവാസികളായ കലാകാരൻമാരുടെ സഹായാത്താൽ ചുവപ്പും മഞ്ഞയും കറുപ്പും പൂശി സ്കൂളങ്ങനെ പഴയ കെഎസ്ആർടിസി ബസായി.
ഓടിട്ട കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. ബസായി മാറിയ സ്കൂളിലേക്ക് വരാൻ കുട്ടികൾക്കും ആവേശമാണ്.