കോഴിക്കോട് നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി നഗരസഭ. ദേശീയ നഗര ഉപജീവന യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ടമായി മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ താല്‍ക്കാലിക സംവിധാനമൊരുക്കും.
ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മാവൂര്‍ റോഡിനും രാജാജി റോഡിനുമിടയിലാണ് തെരുവുകച്ചവടമേഖല. ഒന്നരമീറ്റര്‍ വീതിയും ഒന്നരമീറ്റര്‍ നീളവുമുള്ള മുറികളാണ് ഓരോ കച്ചവടക്കാരനും അനുവദിക്കുക. മഴവെള്ള സംഭരണി, ശാസ്ത്രീയ മാലിന്യ സംസ്ക്കരണ പ്ലാന്റ്, ബയോഗ്യാസ്, സൗരോര്‍ജ വൈദ്യുതി ഉല്പാദന സംവിധാനം എന്നിവ ഇവിടെ ഉള്‍പ്പെടുത്തും.
നഗരവികസനത്തിന്റെ ഭാഗമായി ഇവരെ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ വേഗത്തില്‍ പൊളിച്ചുമാറ്റാവുന്ന വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 25 ലക്ഷത്തിലധികം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം അവസാനത്തോടെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്.