ചിരിച്ചു ചുരം കയറി; ചിരിമാഞ്ഞു തിരിച്ചിറക്കം

SHARE

കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് എത്തിയപ്പോൾ മുതൽ താമരശേരി ചുരം കയറണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഏതൊരു റിപ്പോർട്ടറേയും പോലെ ചുറ്റിക്കാണാനുള്ള കൊതി തന്നെ. അങ്ങനെ തിരക്കൊഴിഞ്ഞ ഒരു ദിവസം ഉച്ചയ്ക്കുശേഷം നിയമസഭ പരിസ്ഥിതി സമിതിയുടെ ചുരം സന്ദർശനത്തെപ്പറ്റി അറിഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്യാൻ നറുക്ക് വീണത് എനിക്കു തന്നെ. ചുരത്തിലേക്കുള്ള യാത്രയാണ്. 

വെള്ളാനകളുടെ നാട്ടിൽ സുലൈമാൻ താമരശേരി ചുരമിറങ്ങിയ കഥ വീണ്ടും യുട്യൂബിൽ കണ്ടു ചിരിച്ചു. സ്വതസിദ്ധമായ കോഴിക്കോടൻ സ്റ്റൈലിൽ പപ്പു അനശ്വരമാക്കിയ കഥാപാത്രം.  തലമുറകളെ ആവർത്തിച്ച് ചിരിപ്പിച്ച ഡയലോഗിങ്ങനെ മനസിൽ നിറച്ചാണ് യാത്ര. അടിവാരത്തുനിന്ന് ചുരം കയറാൻ പോവുകയാണ്. കോട നിറഞ്ഞു. ഇടയ്ക്കിടെ സാഹസികമായി യാത്ര നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കാണാം, ചരക്കുമായി പോകുന്ന നാഷണൽ പെർമിറ്റ് ലോറികളും കണ്ടു.

Thumb Imageമാലിന്യം എറിയാന്‍ ഇനി ചുരത്തിലേക്ക് വരേണ്ട

ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന വളവിൽ വണ്ടി നിർത്തി ഒരു ചായയും പരിപ്പുവടയും കഴിച്ചപ്പോളാണ് ആ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഒരു വലിയ ലോറിയിൽ നിന്ന് ഒരു കെട്ട് ചാക്ക് അഗാധഗർത്തത്തിലേക്ക് എറിയുന്നു. മാലിന്യമെന്ന് ഉറപ്പിച്ചു. എറിഞ്ഞയിടത്തേക്ക് നോക്കുമ്പോൾ നിറയെ പ്ലാസ്റ്റിക്ക് കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ. യാത്ര തുടർന്നപ്പോൾ മാലിന്യപ്രശ്നം ചുരത്തിലെ വലിയ പ്രശ്നം തന്നെയെന്ന് മനസിലാക്കി. കാടിന്റെ മണമുള്ള കാറ്റല്ല, നല്ല നാറ്റമുള്ള കാറ്റാണ് ചുരത്തിലേക്ക് വരവേറ്റത്. അങ്ങനെ വ്യൂ പോയിന്റിലെത്തിയപ്പോൾ ചുരം സംരക്ഷണ സമിതി പ്രവർത്തകരെ കണ്ടു. മാലിന്യ നിർമാജനത്തിനു മുൻകയ്യെടുത്ത ബഷീറിക്കയാണ് പ്രദേശത്തെ മാലിന്യ പ്രശ്നത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു തന്നത്. ടൂറിസ്റ്റുകൾ വനത്തിലേക്കെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, മാലിന്യം നിക്ഷേപിക്കാൻ വേണ്ടി മാത്രം ചുരത്തിലെത്തുന്നവരുമുണ്ട്. 

ലാഭം കാണാതെ ചുരം സംരക്ഷണ സമിതി

ഇങ്ങനെ മാലിന്യം കൊണ്ടു തള്ളുന്നവരെ പിടിക്കാനാണ് ചുരം സംരക്ഷണ സമിതിയുടെ പ്രവർത്തനം. അതിരാവിലെയും രാത്രിയിലും ഇവർ ടോർച്ചുമായി ഇറങ്ങും. മാലിന്യം മുഴുവൻ കെട്ടി ചാക്കിലാക്കി അടിവാരത്തുകൊണ്ടുവരും. സംരക്ഷണ സമിതിക്കൊപ്പം ഞങ്ങളും ചുരമിറങ്ങി. നാലാം വളവിൽ ഒരു വീട്ടിൽ നിർത്തി കാര്യം തിരക്കിയപ്പോൾ പ്രശ്നം ഗുരുതരം തന്നെ. കുടിക്കാൻ വെള്ളം പോലും തരാൻ പേടിയാണ് മക്കളെ എന്നാണ് ആ അമ്മ പറഞ്ഞുവച്ചത്. ഒരു നാടുകാണാനിറങ്ങുമ്പോൾ അവിടുത്തെ പരിസ്ഥിതിയെ മലിനപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. പക്ഷേ എത്ര ടൂറിസ്റ്റുകൾ ഇതു ശ്രദ്ധിക്കും. കുരങ്ങിന് ഭക്ഷണം നൽകിയും, ചുരത്തിൽ നിന്ന് സെൽഫിയെടുത്തും  ആസ്വദിക്കുമ്പോഴും ഒരു കൂട്ടം നാട്ടുകാർ ഉറക്കമൊഴിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന കാഴ്ച ആരും കാണാതെ പോകരുത്. 

തിരിച്ച് വണ്ടിയിൽ കയറുമ്പോൾ ഈ മാലിന്യപ്രശ്നം ഒരു പ്രദേശത്തിന്റെ പ്രശ്നമല്ല, നാടിന്റെ മുഴുവൻ പ്രശ്നമാണെന്ന് മനസിലാക്കി. 

ചുരം കയറിയ സന്തോഷം ഇറങ്ങിയപ്പോൾ ഇല്ല എന്നത് സത്യം. ഇത് മാലിന്യക്കഥയല്ലേ, പറഞ്ഞു മടുത്തതല്ലേ എന്നായി ക്യാമറാമാന്‍. നേരാണ് പറഞ്ഞു മടുത്ത കഥ തന്നെയാണ്. പക്ഷേ ഈ ചുരം ഭംഗിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മൾക്കില്ലേ? ജോലിയുടെ തിരക്കുകളിലേക്ക് നീങ്ങിയെങ്കിലും വെള്ളാനകളുടെ നാട്ടിലെ താമരശേരി ചുരം എന്നു കേൾക്കുമ്പോളുള്ള ആ ചിരി മാഞ്ഞു എന്നത് സത്യം. കേട്ട് പഴകിയ വിസ്മയമാകരുത് ഈ ചുരം എന്ന ചിന്തയാണ് വേഗം മനസിലേക്കെത്തിയത്.

MORE IN NORTH
SHOW MORE