ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും തമ്മില്‍ സൗഹൃദഫുട്ബോള്‍ മത്സരം നടന്നു. നൂറണി സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തില്‍ പ്രസ് ക്ലബ് ടീം വിജയിച്ചു.
പേരുകൊണ്ട് സൗഹൃദമത്സരമാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. രാഷ്ടീയവിത്യാസമില്ലാതെ കൈകോർത്ത എംബി രാജേഷ് എംപിയും, ഷാഫി പറമ്പിൽ എംഎൽഎയും കളിക്കളത്തിൽ നിറഞ്ഞു നിന്നു. കളിയുടെ പതിനെട്ടാം മിനുട്ടില്‍ മാധ്യമ സംഘത്തിലെ വസിം മുഹമ്മദിലൂടെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ 31 ലും 39 ആം മിനുട്ടിലും ശരത് ചന്ദ്രനും സിബു ഭുവനചന്ദ്രനും യഥാക്രമം ഗോൾ നേടി. പ്രസ് ക്ലബ് ടീമിനു വേണ്ടി ക്യാപ്റ്റന്‍ അരുണ്‍ ശ്രീധര്‍ ട്രോഫി ഏറ്റുവാങ്ങി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലാണ് മത്സരം സംഘടിപ്പിച്ചത്.