ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട് കുറിച്യർമല എസ്റ്റേറ്റിൽ തൊഴിലാളികൾ ഇന്ന് മുതൽ അനിശ്ചിതകാലസമരത്തിൽ. ലേബർ ഒാഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും ഫലം കാണാത്തതിനെതുടർന്നാണ് സമരം.
ഒാണവും ,പെരുന്നാളും കഴിഞ്ഞു. പക്ഷെ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ല. ആഘോഷദിവസങ്ങളിൽ കൂലി ലഭിക്കാത്തത് കുടുംബങ്ങളെ ചില്ലറയൊന്നുമല്ല കുഴക്കിയത്. മുന്നൂറ്റിയമ്പതോളം പേരാണ് എസ്റ്റേറ്റിൽ ജോലിയെടുക്കുന്നത്.
ഈ മാസം പതിനൊന്നിന് ശമ്പളം ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ പാലിക്കപ്പെട്ടില്ല. ഇനി ശമ്പളം കിട്ടാതെ ജോലിയെടുക്കേണ്ട എന്നാണ് തൊളിലാളികളുടെ തീരുമാനം.
മുമ്പും ശമ്പളപ്രശ്നമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെതുടർന്ന് പരിഹരിക്കപ്പെടുകയായിരുന്നു. കൂടാതെ പാടിയിലും അടിസ്ഥാനസൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്. പിരിഞ്ഞു പോയവരിൽ ചിലർക്ക് ഗ്രാറ്റവിറ്റിയും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു.