കോഴിക്കോട് സൗത്ത് ബീച്ചിലെ കയ്യേറ്റം പോർട്ട് ഒാഫിസറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന റസ്റ്ററന്റാണ് പൊളിച്ചുനീക്കിയത്. മനോരമന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ തഹസിൽദാറുടെയും പോർട്ട് ഒാഫിസറുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് കയ്യേറ്റമൊഴിപ്പിച്ചത്.
തീരദേശം കയ്യേറിയാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഉടൻ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 28നാണ് കോടതി ഉത്തരവിട്ടത്. പിന്നീട് ഉടമയ്ക്ക് കോർപ്പറേഷൻ നോട്ടിസും നൽകിയിരുന്നു.. നവീകരണത്തിന്റെ ഭാഗമായി ഒരുമാസമായി റസ്റ്ററന്റ് പൂട്ടിക്കിടക്കുകയായിരുന്നു. കോഴിക്കോട് കടപ്പുറത്തെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറുന്നതായി മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു.