മലപ്പുറം കാളികാവിലെ മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോഴും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പൈപ്പ് പൊട്ടി വെള്ളം ഉയരത്തിൽ പതിച്ച് വീടുകൾളുടെ ജനൽ ചില്ലുകൾ പൊട്ടുന്നതും പതിവാണ്.
കാളികാവ് പുറ്റമണ്ണയിൽ നിന്നുള്ള സ്ഥിരം കാഴ്ചയാണിത്.മലയോര മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സ്ഥാപിച്ച മധുമല പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 10 കോടി ചെലവിലാണ് പദ്ധതി. ജലവിതരണ പൈപ്പുകൾ നിലവാരം കുറഞ്ഞവയാണെന്ന ആക്ഷേപം നേരത്തെ മുതൽ ഉയർന്നിരുന്നു. പൈപ്പ് പൊട്ടി റോഡുകൾ കുണ്ടും കുഴിയുമായി. വെള്ളം ശക്തമായി പതിച്ച് സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
പൈപ്പ് പൊട്ടുന്നതിനാൽ മിക്കപ്പോഴും കുടിവെള്ള വിതരണവും മുടങ്ങുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനാൽ വകുപ്പ് മന്ത്രിയെ കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.