യാത്രയ്ക്കും പുത്തനുടുപ്പിനും കരുതിയ പണം കൊണ്ട് നൂറിലധികം വയോധികർക്ക് ഓണസമ്മാനം നൽകി വിദ്യാർഥിനികൾ. കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിലെ എൻഎസ്എസ് വൊളണ്ടിയർമാരാണ് ത്വക് രോഗ ആശുപത്രിയിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ചത്.
മനസുനിറഞ്ഞ് കുരുന്നുകൾ സമ്മാനിച്ച ഓണക്കാഴ്ച ഈ അമ്മമാരുടെ കണ്ണുനിറയ്ക്കുന്നതായിരുന്നു. കമ്പിളിപ്പുതുപ്പും, കൊതുകുവലയും മുഴുവൻ രോഗികൾക്കും കൈമാറി. ഓണക്കാലത്തെ യാത്രയ്ക്കും പുത്തനുടുപ്പിനുമായി കരുതിയ പണം കൊണ്ടാണ് കുട്ടികൾ സമ്മാനം വാങ്ങിയത്.
ആശുപത്രിയിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ചതിന് ശേഷം മതി അവധിയെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. ഓണക്കാലത്ത് ഉറ്റവർ പോലും മറന്നുപോയ അമ്മമാരുടെ ചുണ്ടിൽ സമ്മാനമേറ്റുവാങ്ങിയപ്പോൾ നൻമയുടെ താളമുണ്ടായിരുന്നു.