കുണ്ടും കുഴിയും നിറഞ്ഞ് കാസര്‍കോട് ഉദുമ പഞ്ചായത്തിലെ റോഡുകള്‍. മഴ കനത്തതോടെ പഞ്ചായത്തിലെ പല റോഡുകളിലും കാല്‍നടയാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ്. ചളിക്കുളമായിട്ടും റോഡിന്റെ അറ്റകുറ്റപണി നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
ഇരുചക്രവാഹന ലൈസന്‍സ് ലഭിക്കാന്‍ എട്ട് എടുക്കുന്നതിന്റെ ഗുണം ശരിക്കും മനസിലാക്കണമെങ്കില്‍ ഉദുമ പഞ്ചായത്തിലെ റോഡുകളിലൂടെ ഒന്ന് യാത്ര ചെയ്താല്‍ മതി. ചോയിച്ചിങ്കല്‍ മുതല്‍ നാലാംവാതുക്കല് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നു.
ഇരുചക്ര വാഹനയാത്രക്കാരാണ് ഏറ്റവും സാഹസീകമായി ഇതുവഴി കടന്നുപോകുന്നത്. വെള്ളം നിറഞ്ഞ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. റോഡ് നന്നാക്കാന്‍ 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. ഇതുമാത്രമല്ല പഞ്ചായത്തിലെ അങ്കണവാടി റോഡ്, വില്ലേജ് ഓഫീസ് റോഡ് തുടങ്ങിയ പാതകളെല്ലാം ശാപമോക്ഷം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പരാതികള്‍ പലകുറി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് മാത്രം.