നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ കാക്കാടംപൊയിലിലെ വാട്ടർ തീംപാർക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ അന്വേഷണം. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ കലക്ടര്‍ യു.വി. ജോസ് ചുമതലപ്പെടുത്തി. വാട്ടര്‍ തീംപാര്‍ക്ക് സന്ദര്‍ശിക്കുന്ന സംഘം വിശദമായ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കലക്ടറുടെ തീരുമാനം. ലൈസൻസില്ലാതെ പ്രവർത്തനം തുടങ്ങിയ പാർക്കിന് പിന്നീട് താൽകാലിക ലൈസൻസ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു. ഒരു കെട്ടിടത്തിന് മാത്രം ലഭിച്ച ഫയർസേഫ്റ്റി ലൈസൻസ് ഉപയോഗിച്ച് നിരവധി അനധികൃത നിർമാണങ്ങൾ പാർക്കിനായി നടത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ലഭിച്ചിട്ടില്ല.
Advertisement