കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ വിരത്തുമ്പിൽ ലഭ്യമാക്കി ജില്ലാ ഭരണകൂടം. മാപ്പ്്മൈ ഹോം പദ്ധതിയിലൂടെ എല്ലാ വിവരങ്ങളും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയാണ് സർക്കാര്‍ സേവനം കൂടുതൽ എളുപ്പമാക്കിയിരിക്കുന്നത്. വില്ലേജ് ഓഫിസുകളെക്കുറിച്ച് പൊതുജനം ഗൂഗിളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം ജില്ലാ കലക്ടർക്കും ലഭിക്കും.
വില്ലേജ് ഓഫിസറുടെ ഫോൺ നമ്പർ, ആശുപത്രിയിലേക്കുള്ള വഴി, സ്കൂളിന്റെ വിലാസം അങ്ങനെ എന്തുമാകട്ടെ സർക്കാർ സ്ഥാപനങ്ങളുടെ മുഴുവൻ വിവരങ്ങളും പൊതുജനത്തിന്റെ കൈയിലെത്തിക്കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള 2913 ഓഫിസുകളും സ്ഥാപനങ്ങളുമാണ് ഗൂഗിൾ മാപ്പില്‍ ഇടം നേടിയിരിക്കുന്നത്.
മലയാളത്തിലും വിവരങ്ങൾ ലഭ്യമാണ്. സർക്കാർ സേവനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള സന്ദർശക പുസ്തകമായും ഈ സൗകര്യം ഉപയോഗിക്കാം. ജില്ലയിലെ വില്ലേജ് ഓഫിസുകളെക്കുറിച്ച് ഗൂഗിൾ മാപ്പിൽ ആരെങ്കിലും അഭിപ്രായം കുറിച്ചാൽ അത് തത്സമയം ജിമെയിൽവഴി ജില്ലാ കലക്ടറുടെ മുൻപിലെത്തും. മൂന്ന് മാസത്തെ പരിശ്രമത്തിൽ ജില്ലാ ഐടി മിഷന്റെ സഹായത്തോടെയാണ് മാപ്പ്്മൈ ഹോം യാഥാർഥ്യമാക്കിയത്. അടുത്ത ഘട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകളുടെയും വിൽപനകേന്ദ്രങ്ങളുടെയും വിവരങ്ങളും ഉള്‍പ്പെടുത്തും.