കൃഷിഭവൻ വഴി വിതരണം ചെയ്യാനെത്തിച്ച രാസവളച്ചാക്കുകളിൽ തൂക്കം കുറച്ച് സ്വകാര്യകമ്പനിയുടെ തട്ടിപ്പ്. മലപ്പുറം തിരുവാലി കൃഷിഭവൻ വഴി സ്വകാര്യകമ്പനി വിതരണത്തിനെത്തിച്ച യൂറിയ ചാക്കുകൾ ആണ് തൂക്കം കുറച്ച് കൃത്രിമം കാട്ടിയതായി കണ്ടെത്തിയത്.
തിരുവാലി സ്വാശ്രയ കർഷക സംഘം ഡിപ്പോയിൽ വിതരണം ചെയ്യാനെത്തിച്ച 200 യൂറിയ ചാക്കുകളിലാണ് തട്ടിപ്പ് നടന്നതായി പരാതി കണ്ടെത്തിയത്.ചാക്കിന്റെ തൂക്കം, 50 കിലോ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ചപ്പോഴാണ് ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടത്.മിക്ക ചാക്കുകളിലും 35 കിലോ മുതൽ 45 കിലോ വരേയാണ് തൂക്കമുളളത്.
ഇതിനു മുൻപും ഇത്തരത്തിൽ തൂക്കം കുറച്ച് കൃഷി ഭവൻ വഴി വളം വിതരണം ചെയ്ത് വിവാദമായിരുന്നു. തൂക്കകുറവുള്ള ചാക്കു വില കുറച്ചു തരാമെന്ന മറുപടിയാണ് വളം ഇറക്കുമതി ചെയ്ത കമ്പനിയിൽ നിന്ന് ലഭിച്ചത്.
അതേസമയം കമ്പനിക്കെതിരെ കൃഷിവകുപ്പ് മുഖേന നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് സഹകരണ സംഘത്തിന്റെ തീരുമാനം.