കോഴിക്കോട് ചേമഞ്ചേരിയിലെ 25 സുനാമി പുനരധിവാസ വീടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പഞ്ചായത്തിന്റെ ശ്രമം അവസാനഘട്ടത്തിലാണ്. മൂന്നരക്കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ച വീടുകള്‍ വിതരണം ചെയ്യാന്‍ നടപടിയില്ലാത്തത് കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സുനാമിയില്‍ കടലെടുത്ത കുടുംബങ്ങള്‍ക്ക് സുരക്ഷിത താമസത്തിനായാണ് തുവപ്പാറയിലെ ഒരേക്കറില്‍ 25 വീടുകള്‍ നിര്‍മിച്ചത്. അര്‍ഹര്‍ക്ക് പകരം അനര്‍ഹര്‍ പട്ടികയിലിടം പിടിച്ചപ്പോള്‍ വിതരണത്തിന് കാലതാമസമുണ്ടായി. അര്‍ഹരായവരെ തെരഞ്ഞെടുക്കാനുള്ള അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അടുത്ത പ്രതിസന്ധി. പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തിയുള്ള കലക്ടറുടെ ഉത്തരവ് വന്നതോടെ ഇത് നീങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമപട്ടിക തയാറാക്കി വീട് വിതരണത്തിനുള്ള നടപടി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വീട് കൈമാറ്റത്തിലൂടെ പ്രദേശത്തുണ്ടായേക്കാവുന്ന കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും നടപടിയെടുക്കും. നിലവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനും പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.