കാസർകോട് പാണത്തൂരിലെ നാലുവയസുകാരിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത തുടരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകും. എന്നാൽ സന എവിടെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. പൊന്നോമനയെക്കാണാതായ അന്ന് മുതൽ കരഞ്ഞ് തളർന്നിരിക്കുകയാണ് സനയുടെ മാതാപിതാക്കളായ ഇബ്രാഹിമും,ഹസീനയും. മകൾ ഒഴുക്കിൽപ്പെട്ടില്ല എന്ന് വീട്ടിലെത്തുന്ന എല്ലാവരോടും നിറകണ്ണുകളോടെ ഹസീന ഉറപ്പിച്ച് പറയുന്നു.
പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കണം എന്ന ഒറ്റയാവശ്യം മാത്രമാണ് ഇബ്രാഹിമിനുള്ളത്. അതേസമം ദുരന്തനിവാരണ േസനയുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്് പാണത്തൂർ പുഴയിൽ വിപുലമായ തിരച്ചിൽ നടത്താനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം വിപുലികരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.