കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറിയ സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണ സംഘം കരിപ്പൂരിൽ പരിശോധന നടത്തി. വിമാനം തെന്നിമാറിയതിനു പിന്നിൽ ലാൻഡിങ്ങിൽ വന്ന പിഴവ് ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനു സമർപ്പിക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.15നാണു സ്പൈസ് ജെറ്റ് വിമാനം റൺവേയിൽ തെന്നിയത്.ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഡി.ജി.സി.എ എയർ സേഫ്റ്റി ഓഫിസർ യു.വി. സുധന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിപ്പൂരിൽ എത്തിയത്.. റൺവേ ഉളൾപ്പടെയുള്ള സ്ഥലങ്ങൾ സംഘം വിശദമായി പരിശോധിച്ചു.
.കാലാവസ്ഥ പ്രതികൂലമായതിനാലാവാം അപകടം സംഭവിച്ചതെന്നായിരുന്നു എയർപോർട്ട് അതോറിറ്റിയുടെ നേരത്തെയുള്ള നിഗമനം.എന്നാൽ കാലാവസ്ഥ അനുകൂലമായിരുന്നു വെന്ന് വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് നൽകിയിട്ടുണ്ട്.തെന്നി മാറിയ സ്പൈസ് ജെറ്റിന്റെ സുരക്ഷാ- മാനേജ്മെന്റ് ഉദ്യോഗസ്ഥരും കരിപ്പൂരിൽ എത്തിയിരുന്നു.