ഭാര്യ വൃക്ക നൽകാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി ഇസ്മായിലിന് സുമനസുകളുടെ സഹായം. മനോരമ ന്യൂസിലൂടെ ഇസ്മയിലിന്റെ നിസഹായവസ്ഥ കണ്ടറിഞ്ഞ് വ്യവസായി എം.എ.യൂസഫലി പത്ത് ലക്ഷം രൂപയാണ് വീട്ടിലെത്തിച്ചത്.
ഇനി ശസ്ത്രക്രിയ നടത്താനുള്ള തീയതി തീരുമാനിക്കാം. പണമില്ലാത്തിന്റെ സങ്കടം ഇല്ലാതായി. എം.എ.യുസഫലി നൽകിയ പത്ത്്ലക്ഷം രൂപയ്ക്ക് പുറമെ വാർത്ത ശ്രദ്ധിച്ച നല്ലമനസുകൾ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയും നിക്ഷപിച്ചിട്ടുണ്ട്. വീട്ടിലെത്തിയ ലുലു ഗ്രൂപ്പ് പ്രതിനിധികൾ രോഗം സുഖമാകട്ടെയെന്ന് ആശംസിച്ച് മടങ്ങിയപ്പോൾ ഇസ്മായിലിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. ജീവിതസഖിയായ സൈനബ വൃക്ക നൽകും. നാല്മാസം മുൻപാണ് രോഗം കണ്ടെത്തിയത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഇസ്മായിൽ കുടുംബം പോറ്റിയിരുന്നത്.