കോഴിക്കോട് തടമ്പാട്ട്താഴത്ത് റോഡരികിൽ ആശുപത്രി മാലിന്യം തള്ളി. പരിശോധനയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യമെന്ന് തെളിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ, മാലിന്യംതള്ളിയവര് തന്നെ പൊലീസ് സാന്നിധ്യത്തിൽ അവ നീക്കം ചെയ്തു.
ബൈപ്പാസിനോട് ചേർന്നുള്ള ആളൊഴിഞ്ഞ ഇടത്താണ് മാലിന്യം തള്ളിയത്. കൈയ്യുറയും സിറിഞ്ചും പഞ്ഞിയും തുടങ്ങി ആശുപത്രി അവശിഷ്ടങ്ങളാണ് ഉപേക്ഷിച്ചിരുന്നത്. പരിശോധനയിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ദന്താശുപത്രിയിലെ മാലിന്യമെന്ന് തെളിഞ്ഞു. രാപകൽ വ്യത്യാസമില്ലാതെയുള്ള മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
സ്ഥലത്തെത്തിയ പൊലീസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. മാലിന്യം നിക്ഷേപിക്കാൻ ഏൽപ്പിച്ച കരാറുകാരന്റെ വീഴ്ചയെന്നായിരുന്നു വിശദീകരണം. പൊലീസ് സാന്നിധ്യത്തിൽ കരാറുകാരൻ തന്നെ രാത്രിയോടെ മാലിന്യം നീക്കം ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.