മലയാള മനോരമയും മേളം ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചെന്നൈ ഫെസ്റ്റിന് തുടക്കമായി. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടേയും ഭക്ഷണപദാര്ഥങ്ങളുടേയും വൈവിധ്യമാര്‍ന്ന ശേഖരം മേളയെ ശ്രദ്ധേയമാക്കുന്നു. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളാണ് നുങ്കമ്പാക്കം വള്ളുവര്‍ക്കോട്ടം എക്സിബിഷന് സെന്ററില്‍ നടക്കുന്ന ചെന്നൈ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
മലയാളികള്‍ക്ക് പുതിയൊരു ഷോപ്പിങ് അനുഭവമാണ് മേള സമ്മാനിക്കുക. രാവിലെ പതിനൊന്നുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. വിവിധയിനം വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, കറി മസാലകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, പച്ചക്കറി വിത്തുകള്‍, മനോരമ പ്രസിദ്ധീകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം മേളയില്‍ കിട്ടും. ചക്കയില്‍ നിര്‍മ്മിച്ച അറുപതിലധികം വിഭവങ്ങളും രാജസ്ഥാനില്‍ നിന്നുള്ള ഇരുപത്തിയഞ്ചുതരം അച്ചാറുകളും മറ്റൊരു പ്രത്യേകതയാണ്. നാടന്‍ പച്ചക്കറികള്‍ വില്‍ക്കുന്ന ചന്തയിലും തിരക്കുണ്ട്.
വിവിധ തരം കത്തികളുമായെത്തിയ രാമചന്ദ്രന് കത്തി എന്ന സ്റ്റാളിലും ആവശ്യക്കാരേറെയാണ്. കലാപരിപാടികളും സമ്മാനങ്ങള്‍ സ്വന്തമാക്കുന്നതിന് പ്രത്യേക ഗെയിമുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.