കാസർകോട് ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹരമായി വെള്ളൂട സൗരോർജ്ജ പാർക്കിൽ പുതിയ സബ് സ്റ്റേഷൻ. ഇരുന്നൂറ്റിയിരുപത് കെവി പ്രസരണശേഷിയാണ് സബ്സ്റ്റേഷനുള്ളത്.
വെള്ളൂട സൗരോർജ പാർക്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇരുന്നൂറ്റി ഇരുപത് കെവി ഗ്രിഡിലേക്ക് കൈമാറുന്നതിന് വേണ്ടി നൂറ് എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളാണ് പുതിയ സബ്സ്റ്റേഷനിലുള്ളത്. കാഞ്ഞിരോട് - മൈലാട്ടി ലൈനിലേക്കാണ് ഈ ട്രാൻസ്ഫോമർ വഴി വൈദ്യുതി പ്രസരിപ്പിക്കുക. ഇതോടെ മൈലാട്ടി, കാഞ്ഞങ്ങാട്, ചെറുവത്തൂർ സബ് സ്റ്റേഷൻ പരിധിയിലെ വോൾട്ടേജ് ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. ജില്ലയിലെ വൈദ്യൂതി പ്രസരണതോതിലും വർധനയുണ്ടാകും.
രണ്ടാം ഘട്ടമായി സൗരോർജ പാർക്കിനുള്ളിൽ നൂറ്റിപ്പത്ത് കെവി സബ്സ്റ്റഷനും നിർമ്മിക്കും. രണ്ടു സബ്സ്റ്റേഷനുകളും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ