ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്കായി വെട്ടിപൊളിച്ച കോഴിക്കോട് ഈസ്റ്റ്ഹിൽ റോഡ് മഴക്കാലമായതോടെ ചെളിക്കുളമായി. ഇരുചക്രവാഹനങ്ങൾ പതിവായി അപകടപെടുന്ന റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമാണ്.
ജപ്പാൻ കുഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്, ചെളിക്കുളമായ റോഡിന്റെ അരിക് ചേർന്ന് പോലും പോകാൻ പറ്റാത്ത അവസ്ഥ. പരക്കം പായുന്ന ബസ്സിനും ലോറിക്കും വഴി മാറി കൊടുത്താൽ കുഴിയിൽ വീണ് പരിക്ക് പറ്റുമെന്നുറപ്പ്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇടാൻ ഈസ്റ്റ്ഹിൽ ജംക്ഷനിൽ നിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും റോഡുകൾ വെട്ടിക്കീറിയിട്ടിട്ട് നാളുകളേറെയായി. റോഡിലെ കുഴി അപകട കെണിയായിട്ടും ആരും തിരഞ്ഞ് നോക്കിയിട്ടില്ല
വെസ്റ്റ്ഹിൽ മുതൽ കാരപ്പറമ്പ് വരെയുള്ള റോഡിൽ രണ്ട് ഹയർസെക്കണ്ടറി സ്കൂളുകൾ ഉണ്ട് കുട്ടികൾക്ക് പോലും ഈ റോഡിൽ രക്ഷയില്ല. ചെറുതും വലുതുമായ വണ്ടികൾ കടന്ന് പോകുന്ന റോഡിൽ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതേറെയും. കുടിവെള്ള പദ്ധതിയ്ക്കായി റോഡ്പൊളിച്ചാൽ വൃത്തിയായി റിപ്പയർ ചെയ്യണമെന്നാണ് നിയമം,കാറ്റിൽ പറക്കുന്ന നിയമങ്ങൾ ജീവനെടുക്കുന്ന സ്ഥിതിയെത്തിയാലും അധികൃതർ അനങ്ങില്ലെന്നുറപ്പ്.