കെഎസ്ആർടിസി ടെർമിനൽ തുറക്കാൻ എംഡിയുടെ ഉത്തരവില്ലെന്ന് ജീവനക്കാര്‍. കോഴിക്കോട് ജില്ലാ ഡിപ്പോയുടെ പ്രവർത്തനം പുതിയ ടെർമിനലിലേയ്ക്ക് മാറുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കൃഷിവകുപ്പ് മനസുവച്ചാൽ ഈ അഞ്ചേക്കർ ഭൂമി മികച്ച കൃഷിയിടമാക്കാം. കെഎസ്ആർടിസി ഡിപ്പോയാണെങ്കിലും കാണുന്നവർക്ക് അങ്ങനെ തോന്നാനിടയില്ല. അത്രയുണ്ട് അലംഭാവം. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് സുരക്ഷിത ടെർമിനലിലേയ്ക്കെന്ന പ്രഖ്യാപനത്തിന് അഞ്ച് വർഷം. ജില്ലാ ഓഫിസ് മാറ്റത്തിന് കാത്തിരുന്ന പല ജീവനക്കാരും വിരമിച്ചു.
മാനത്ത് മഴക്കാറ് കണ്ടാൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്താണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ദുരിതത്തിനൊപ്പം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടാകുന്നത്. മാവൂർ റോഡ് പാവങ്ങാട് ദൂരപരിധി ഏഴ് കിലോമീറ്ററാണ്. ഇരുഭാഗത്തേയ്ക്കുമുള്ള ബസുകളുടെ യാത്രയ്ക്കായി പ്രതിമാസം ലക്ഷങ്ങളുടെ ഇന്ധനം വേണ്ടിവരും. പുതിയ ടെർമിനലിലേയ്ക്ക് മാറിയാൽ ഇന്ധനത്തിന് വേണ്ടിവരുന്ന തുകയെങ്കിലും ലാഭിക്കാനാകും.