വടകര അഴിയൂരിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് വൃദ്ധസദനം കെട്ടിടത്തില്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസരത്ത് കെട്ടികിടക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും കുട്ടികള്‍ നേരിടുന്നു.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതോളം കുട്ടികളാണ് അഴിയൂരിലെ ഈ സ്കൂളില്‍ പഠിക്കാനെത്തുന്നത്. 1999 ല്‍ പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു തുടക്കം. ചോര്‍ച്ച മൂലം അടുത്തുളള വൃദ്ധസദനം കെട്ടിടത്തിലേയ്ക്ക് കുട്ടികളെ മാറ്റിയിട്ട് വര്‍ഷം നാല് കഴിഞ്ഞു. പുതിയ കെട്ടിടം ഇതുവരെ ആയിട്ടില്ല. ഇതിനൊപ്പം കെട്ടിടത്തിന് തൊട്ടടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി കൂട്ടിയിട്ടതോടെ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി വിദ്യാലയം മാറി. പനി കാരണം മൂന്നിലൊന്ന് കുട്ടികള്‍ക്ക് പോലും ക്ലാസില്‍ വരാന്‍ ആകാത്ത അവസ്ഥയാണ്. പരാതി പറഞ്ഞു മടുത്തെന്ന് രക്ഷിതാക്കളും പറയുന്നു. അടച്ചുപൂട്ടല്‍ ഭീഷണിയിലായ വിദ്യാലയത്തെ രക്ഷിയ്ക്കണമെന്നാണ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭ്യര്‍ഥന.