ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ സേവനം വിപുലീകരിക്കുന്നു. പതിനൊന്ന് പുതിയ മെഷിനുകളാണ് സജ്ജമാക്കുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് എം.ബി.രാജേഷ് എംപി ഇരുപത്തിയാറു ലക്ഷം രൂപ അനുവദിച്ചു.
2013 ജൂലൈയിൽ ഏഴു മെഷിനുകളുമായി പ്രവർത്തനം ആരംഭിച്ചതാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂണിറ്റ്. ഇതിനോടകം പതിനായിരം ഡയാലിസിസുകൾ സൗജന്യമായി പൂർത്തിയാക്കി. രണ്ടര കോടി രൂപയുടെ സേവനമാണ് രോഗികൾക്ക് ലഭിച്ചത്. രോഗികളുടെ തിരക്ക് പരിഗണിച്ചാണ് വീണ്ടും വിപുലീകരണം. പതിനൊന്നു മെഷിനുകൾ കൂടി സ്ഥാപിക്കും. സെപ്റ്റംബറിൽ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശമെന്ന് എം.ബി. രാജേഷ് എം പി അറിയിച്ചു.
ഡോക്ടർമാരെയും നഴ്സ് മാരെയും എൻഎച്ച്എം നിയമിക്കും. സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതിയിൽ നിന്നു ലഭിക്കുന്ന ഫണ്ടും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഭാവനകളും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതങ്ങളുമാണ് നടത്തിപ്പ് ചെലവ്. സർക്കാർ ആശുപത്രിയിലെത്തുന്ന സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സൗജന്യ ഡയാലിസിസ് പദ്ധതി.