സംസ്ഥാനത്താദ്യമായി പെൺസൗഹൃദമുറികളുമായി കണ്ണൂർ കല്യാശേരിയിലെ കോളജുകൾ. എട്ട് കോളജുകളിലാണ് പെൺകുട്ടികൾക്ക് മാത്രമായി പെണ്ണിടമെന്ന പേരിൽ പ്രത്യേക മുറികൾ ഒരുക്കിയിരിക്കുന്നത്.
വിശ്രമിക്കാനും സമയംചിലവഴിക്കാനും പെൺകുട്ടികൾക്ക് മാത്രമായി ഒരിടം. അതാണ് കലാലയത്തിലെ പെണ്ണിടം. രോഗികളായവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കിടക്കകളും വീൽചെയറും ശുചിമുറിയും കുടിവെള്ളവും ഫസ്റ്റ് എയ്ഡ് കിറ്റുമെല്ലാം തയ്യാറാണ്. പഠനസ്ഥലത്ത് സ്വന്തമായി മുറി ലഭിച്ചതോടെ പെൺകുട്ടികളും സന്തോഷത്തിലായി.
പെണ്ണിടങ്ങളിൽ പെൺകുട്ടികള്‍ക്ക് ഒരുങ്ങാന്‍ ഡ്രസിങ് റൂം നിർമിച്ചിട്ടുണ്ട് ടി.വി.രാജേഷ് എംഎൽഎയുടെ പ്രാദേശിക വികസനനിധിയിൽനിന്നാണ് കോളജുകളിൽ പെണ്ണിടങ്ങൾ ഒരുക്കിയിരിക്കുന്നത്. പതിമൂന്ന് ഹയർസെക്കൻഡി സ്കൂളുകളിൽ കഴിഞ്ഞവർഷം ആരംഭിച്ച പെൺസൗഹൃദമുറികൾ വിജയം കണ്ടതോടെയാണ് കോളജുകളിലും പെണ്ണിടങ്ങൾ ആരംഭിച്ചത്.