ilathalam-making

TOPICS COVERED

 

മേളപ്പെരുമയിൽ നാലാളറിയുന്ന ഉച്ചസ്വരത്തിന്‍റെ ഉടമയാണ് ഇലത്താളം അല്ലെങ്കിൽ കൈമണി. തലമുറകളായി ഇലത്താളം നിർമ്മിക്കുന്ന ഒരു കുടുംബമുണ്ട് തൃശൂർ കടവല്ലൂരിൽ. കാലവും താളവും മങ്ങാത്ത ഇലത്താളത്തിന്‍റെ നിർമ്മാണ കഥയിലേക്ക്.

 മേളങ്ങളിൽ കാതുകൾക്ക് ഇമ്പം പകരുന്നത് വെള്ളോടിൽ താളം മെനഞ്ഞെടുക്കുന്ന ആ കുടുംബത്തിന്‍റെ കരവിരുതാണ്. ഇലകൾക്ക് മർമര ശബ്ദമാണെങ്കിൽ ഇലത്താളത്തിന് ഘനസ്വരമാണുള്ളത്. ആ ശബ്ദം ലഭിക്കാൻ അഗ്നിശുദ്ധി വരുത്തി ഇലത്താളം നിർമിക്കുന്ന ശില്പിക്ക് താളം പകരുന്ന കലാകാരനോളം കൈവിരുതുണ്ട്. അവിടെ കണ്ണും കൈയും മനസ്സും ഒരേ താളത്തിൽ പ്രവർത്തിക്കണം. എങ്കിൽ മാത്രമേ ശ്രുതി കേമമാകൂ.

ശുദ്ധമായ വെള്ളോട് ഉരുക്കുന്നതിൽ തുടങ്ങുന്നു ഈ സംഗീതയാത്ര. ഉലയിൽ ഉരുക്കിയ ഓട് പൂഴ മണലിന്‍റെ അച്ചിലേക്ക് ഒഴിക്കുമ്പോൾ അസ്തമയ സൂര്യനെ അവിടെ കാണാം. പിന്നെ ഈ ഒറ്റ മുറിയിൽ താളങ്ങൾ പുനർജനിക്കും.

കടവല്ലൂരിൽ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ആദ്യം അടിക്കുന്നത്. സംഗീതത്തിന്റെ ശ്രുതി വരികൾക്ക് അനുസരിച്ച് മാറുന്നതുപോലെ പണികൾ പുരോഗമിക്കും. പരത്തിയശേഷം വീണ്ടും ഉലയിൽ പഴുപ്പിക്കും. അതുകഴിഞ്ഞ് പിന്നെയും താളങ്ങൾ കഥ പറയും . ചുറ്റിക ഉപയോഗിച്ച് രണ്ടുപേർ ചേർന്ന് അടിക്കും. അവിടെ കലയുണ്ടാക്കുന്ന കലാകാരന്മാരെ കാണാം, ഒരേ താളം, ഒരേ മനസ്സ്.

വീണ്ടും ഉലയിൽ പഴുപ്പിച്ച് അകം കുഴിച്ചെടുക്കും, പിന്നെയും ഒന്നുകൂടി പഴുപ്പിച്ചു വെള്ളത്തിലിട്ട് പൊക്കിയാൽ മിനുക്കൽ ആരംഭിക്കും. അവിടെയാണ് മേളം രൂപപ്പെടുന്നത്. ഇന്ന് മേളപ്പെരുമയൊരുക്കാൻ ഈ മേഖലയിൽ തൊഴിലാളികളില്ല. കുലത്തൊഴിൽ ഇല്ലാതെ അന്യം നിന്നു പോകാറായി.

അഗ്നിശുദ്ധി വരുത്തിയ താളത്തിനു പിന്നിലെ സത്യമാണിത്. പതിനനെട്ടു വാദ്യങ്ങളിലും പഞ്ചവാദ്യത്തിലും കട്ടയ്ക്കു നിൽക്കുന്ന ഈ വാദ്യോപകരണത്തിന് മിഴിവു നൽകി ഇവർ കടവല്ലൂരിൽ കാണും. 

ENGLISH SUMMARY:

A family in Kadavallur, Thrissur, preserves the traditional craft of making 'Ilathalam' (cymbals), an essential instrument in temple percussion like Melam and Panchavadyam. The process involves melting pure bell metal and shaping it through rigorous heating and rhythmic hammering to achieve the perfect pitch. Despite its importance in Kerala's musical heritage, the craft faces a decline due to a shortage of skilled labor.