sand-mining

കുന്നിടിച്ച് നിരത്തി മണ്ണ് കടത്തിയതോടെ പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി പ്രതിസന്ധിയില്‍. മുപ്പത്തി മൂന്ന് ദശലക്ഷം ലീറ്റര്‍ ജലം വിതരണമുള്ള പാലക്കാട് തൃത്താല പാവറട്ടി പദ്ധതിയുടെ അസ്ഥിവാരമാണ് തകര്‍ന്ന് തുടങ്ങിയത്. അനധികൃത മണ്ണ് ഖനനത്തിനെതിരെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മൗനമെന്നാണ് കോൺഗ്രസ് ആക്ഷേപം. 

 

തൃശൂര്‍, പാലക്കാട് ജില്ലകളിലെ പന്ത്രണ്ട് പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളുള്ളത്. മുപ്പത്തി മൂന്ന് ദശലക്ഷം ലീറ്റർ ശുദ്ധജലം വിതരണം ചെയ്യാൻ സാധിക്കുന്ന മുടവന്നൂർ കുന്നിലെ പാവറട്ടി ശുദ്ധജല വിതരണ പദ്ധതി. ഈ സ്ഥലത്തിനോട് ചേര്‍ന്നാണ് മണ്ണ് ഖനനം. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് മണ്ണെ‌ടുപ്പെന്നും ശുദ്ധജല പ്ലാന്റിന് ഭീഷണിയെന്നുമാണ് പരാതി.

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നറിയിച്ച് തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറിനും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. മഴ ശക്തമായാല്‍ കൂടുതല്‍ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തൃത്താല മേഖലയിൽ നിന്ന് വ്യാപകമായി ദേശീയപാത നിർമാണത്തിന്റെ പേരിലും കുന്നിടിച്ച് നിരത്തി മണ്ണ് കട‌ത്തുകയാണ്. അനുമതിയുടെ മറവിൽ അളവിൽ കൂടുതൽ മണ്ണ് കടത്തുന്നുണ്ടെന്നും, പിന്നിൽ മാഫിയ സംഘങ്ങളുണ്ടെന്ന പരാതിയും വ്യാപകമാണ്.

ENGLISH SUMMARY:

The drinking water supply project for Palakkad and Thrissur districts is in crisis