കൊയ്ത്തു കഴിഞ്ഞ പാടത്ത് തീയിടുന്നതും ഷോര്‍ട് സര്‍ക്യൂട്ടും ചൂടുകാലത്ത് അഗ്നിരക്ഷാസേനയെ പൊളളിക്കുന്നു. കോട്ടയം ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ അറുനൂറ്റിപ്പതിമൂന്നു തീപിടിത്തങ്ങളാണ് ഉണ്ടായത്.
അഗ്നിരക്ഷാസേനയ്ക്ക് വിശ്രമമില്ലാത്ത ഓട്ടമാണ്. ഷോര്‍ട് സര്‍ക്കീട്ടും പാടങ്ങളിലെ തീപിടിത്തവും. ജില്ലയിലെ എട്ടു അഗ്നിരക്ഷായൂണിറ്റുകളിലായി കഴിഞ്ഞ മൂന്നു മാസത്തിനിടെ 613 തീപിടിത്തങ്ങളാണ് ഉണ്ടായത്. കൂടുതലും പാടങ്ങളിലെ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കര്‍ഷകര്‍ തീയിട്ട് മറ്റു സ്ഥാലങ്ങളിലേക്കും വ്യാപിക്കുമ്പോഴാണ് അഗ്നിരക്ഷാസേനയുടെ സേവനം തേടുന്നത്. വാഹനം കയറാന്‍ പറ്റാത്ത ഉള്‍പ്രദേശങ്ങളിലേക്ക് വെളളം എത്തിച്ച് തീയണയ്ക്കാനുളള പെടാപ്പാട്. കാറ്റ് ശക്തമായതിനാല്‍ തരിശുപാടങ്ങളില്‍ ഉള്‍പ്പെടെ ഉച്ചയ്ക്ക് ശേഷം തീയിടരുതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇൗമാസം ഒന്നു മുതല്‍ 20 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 116 തീപിടിത്തമാണ്. സ്‌റ്റേഷനുകളിൽ 65 കേസുകളുമായി കോട്ടയം സ്‌റ്റേഷനാണ് മുന്നിൽ. തോട്ടം മേഖലയില്‍ ഉള്‍പ്പെടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 8 സ്‌റ്റേഷനുകളിലായി 304 പേരാണുളളത്.