വൈക്കം കായലോരത്തെ സർക്കാർ അതിഥിമന്ദിര മുറ്റത്ത് ഇനി ജൈവ പച്ചക്കറിയും വിളയും. കൃഷിവകുപ്പും നഗരസഭയും ചേർന്നാണ് റ്റി.ബി. അങ്കണത്തിൽ മാതൃകാ പച്ചക്കറി തോട്ടമൊരുക്കിയത്. കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്
എംഎൽഎ സി കെ ആശ ആദ്യ തൈ നട്ടു..സർക്കാർ അതിഥി മന്ദിരത്തിന് മുന്നിൽ പതിറ്റാണ്ടുകളായി വെറുതെ കിടന്ന അര ഏക്കർ സ്ഥലത്ത് കൃഷി വകുപ്പിന്‍റെ മാതൃകാ പച്ചക്കറി തോട്ടം ഒരുങ്ങുകയാണ്. ഒരോ വീടുകളിലും പച്ചക്കറി തോട്ടമൊരുക്കാൻ പ്രചോദനമേകാനാണ് കൃഷിവകുപ്പും നഗരസഭയും അതിഥി മന്ദിരത്തിലെ ജീവനക്കാരും കൃഷിക്കായി കൈകോർത്തത്.
കൃഷി വകുപ്പിന്‍റെ മേൽനോട്ടത്തിൽ അതിഥിമന്ദിരത്തിലെ ജീവനക്കാർക്കാണ് തോട്ടത്തിന്‍റെ പരിചരണചുമതല. പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര തുടങ്ങിയ പച്ചക്കറികളാണ് ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്. പ്രകൃതിക്ക് ദോഷം ചെയ്യാതെയുള്ള കൃഷി രീതിയിലൂടെ വിളയുന്ന പച്ചക്കറികൾ സർക്കാർ സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനായും അഗതിമന്ദിരങ്ങളിലേക്കും നൽകും