പതിനൊന്നുകാരന്‍റെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയ സംഭവത്തിൽ വൈക്കം താലൂക്ക് ആശുപത്രിയോട് വിശദീകരണം തേടി ഡിഎംഒ. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ജനറേറ്റർ അരമണിക്കൂറോളം പ്രവർത്തനം നിലച്ചതെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ ഡ്രസ്സിംഗ് മുറിയിൽ ഉൾപ്പെടെ വൈദ്യുതി ഇല്ലായിരുന്നെന്നാണ് മാതാപിതാക്കളുടെ പരാതി.
വീട്ടിൽ വച്ച് വീണ് തലയ്ക്ക് മുറിവേറ്റ കുട്ടിയെ രക്തമൊലിക്കുന്ന നിലയിലാണ് വൈക്കം താലൂക്കാശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി ഡ്രസിംഗ് മുറിയിലേക്കയച്ചു. ഡ്രസിങ് മുറിയിലും തുന്നികെട്ടുന്ന അത്യാഹിത വിഭാഗത്തിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഇരുട്ടാണല്ലൊ വൈദ്യുതിയില്ലേ എന്ന ചോദ്യത്തിന് ജനറേറ്ററിൽ ഡീസൽ കുറവാണെന്നും തുടർച്ചയായി പ്രവർത്തിപ്പിച്ച് വയ്ക്കാറില്ലെന്നുമായിരുന്നു ജീവനക്കാരന്‍റെ മറുപടി.
എന്നാൽ ജനറേറ്ററിലേക്ക് പവർ നൽകുന്ന സ്വിച്ചിന്റെ തകരാറാണെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പി.ഡബ്ലു.ഡി വിഭാഗത്തെ അറിയിച്ചിരുന്നെന്നും വൈദ്യുതി മുടങ്ങുമെന്ന് മൈക്കിലൂടെ അറിയിപ്പ് നൽകിയെന്നുമാണ് ആശുപത്രിയുടെ ന്യായീകരണം. ആശുപത്രിയിൽ എത്തിയ മറ്റു രോഗികളും വൈദ്യുതിയില്ലാത്തതിനാൽ ബുദ്ധിമുട്ടിയതായി പരാതിയുണ്ട്.