കോട്ടയം നഗരസഭയുടെ അക്കൗണ്ടിൽ നിന്നും 211 കോടി രൂപ കാണാനില്ലെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ചെയർപേഴ്സനെ ഡിവൈഎഫ്ഐ ഉപരോധിച്ചു. 20 വർഷത്തിലധികമായി വാടക ഇനത്തിൽ ലഭിച്ച ചെക്കുകൾ ഉൾപ്പെടെ ജീവനക്കാർ നഗരസഭ അക്കൗണ്ടിൽ ചേർത്തിട്ടില്ലെന്നാണ് കണ്ടെത്തിയത്.
സർക്കാർ ജീവനക്കാരൻ പെൻഷൻ ഫണ്ട് തട്ടിപ്പ് നടത്തി കോടികൾ തട്ടി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കോട്ടയം നഗരസഭയിൽ വീണ്ടും തട്ടിപ്പിന്റെ ചുരുളഴിയുന്നത്.കഴിഞ്ഞ 20 വർഷത്തിലധികമായി വാടക ഇനത്തിൽ ഉൾപ്പെടെ നഗരസഭയിലേക്ക് കിട്ടിയ ചെക്കുകളിൽ പലതും നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല... 20 വർഷത്തെ കണക്കെടുത്താൽ 211 കോടി രൂപയുടെ കുറവ്..മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.നഗരസഭ ഭരിക്കുന്നത് പകൽക്കൊള്ള നടത്തുന്ന കുറുവാ സംഘമെന്ന് സിപിഎം
ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു. ക്രമക്കേടിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർപേഴ്സൺ രാജി വയ്ക്കമണമെന്ന് ഡിവൈഎഫ്ഐ.എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തും . വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണം എന്ന് തദ്ദേശ ജോയിന്റ് ഡയറക്ടർ സർക്കാരിന് ശുപാർശ ചെയ്തു.