കാട്ടാനകൾ പതിവായി ജനവാസ മേഖലയിലിറങ്ങുന്നതിന്റെ ദുരിതത്തിലാണ് ഇടുക്കി പീരുമേട് പാമ്പനാർ കല്ലാർ മേഖലയിലെ നാട്ടുകാർ. കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടാനകളെ തുരത്തിയില്ലെങ്കിൽ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പീരുമേട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഭീതി വിതയ്ക്കുകയാണ് . കല്ലാർ പുതുവലിൽ സ്വദേശി തട്ടം പറമ്പിൽ മാത്യുവിന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക്, ഏലം തുടങ്ങിയ വിളകൾ ആനക്കൂട്ടം നശിപ്പിച്ചു. ഇതോടെ കർഷകനുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം
മേഖലയിൽ കാലങ്ങളായി കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടും അർഹിച്ച നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും കാട്ടാനകളെ തുരത്താൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടാറില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. മേഖലയിൽ വഴിവിളക്കുകളും വൈദ്യുത വേലിയും സ്ഥാപിച്ച് കാട്ടാന ശല്യം തടയാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം