എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് കാനയിലേക്ക് മറിഞ്ഞു. പുലർച്ചെ നാലിനായിരുന്നു അപകടം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കന്യാകുമാരിയിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി മിന്നൽ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ കാനയിലേക്ക് ചരിഞ്ഞത് .
ദേശീയപാതയിലൂടെ സഞ്ചരിച്ച ബസ്സിനെ ഇൻഡിക്കേറ്റർ ഇടാതെ കാർ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിനുശേഷം ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ ഡ്രൈവിങ് സീറ്റിന്‍റെ ഭാഗത്തുള്ള ഡോർ വഴി യാത്രക്കാരെ പുറത്തെത്തിച്ചു. തുടർന്ന് മറ്റൊരു കെഎസ്ആർടിസി സ്ഥലത്തെത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി. ക്രയിൻ ഉപയോഗിച്ച് ഓവിൽ നിന്ന് പുറത്തേക്കെടുത്ത ബസ്സിന്‍റെ മുന്നിലെ ടയർ പൂർണമായി പൊട്ടിത്തകർന്ന നിലയിലായിരുന്നു. 24 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.