വൈപ്പിന്‍കാര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു വാവയുണ്ട്. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപിലെ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും പ്രിയപ്പെട്ട വാവയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായി.
വൈപ്പിന്‍. കടല്‍വെച്ചുണ്ടായ നാട്. സാംസ്കാരികതയും സംഗീതവും സമരവും ഈ മണ്ണിന്‍റെ സിരകളില്‍ ഇടതടവില്ലാതെ ഇരമ്പുന്നു. 26 കിലോ മീറ്റര്‍ നീളവും ശരാശരി 2 രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള വൈപ്പിന്‍ ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ്. രണ്ടേകാല്‍ ലക്ഷം പേര്‍ താമസിക്കുന്നു. ഒരുപക്ഷെ, കലാകാരന്മാരുടെ കാര്യത്തിലും സാന്ദ്രത ഏറ്റവും കൂടുതലുള്ള നാടാണ്.
വൈപ്പിന്‍കരയുടെ കല, സാംസ്കാരിക മേഖലയുടെ മേല്‍വിലാസമാണ് വാവ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വൈപ്പിന്‍ ആര്‍ട്ടിസ്റ്റ്സ് വൈല്‍ഫെയര്‍ അസോസിയേഷന്‍ എന്ന വാവ. സിനിമ, നാടക മേഖലയില്‍ നിന്ന് ഉള്‍പ്പെടെ 551 അംഗങ്ങള്‍ ഇപ്പോള്‍ വാവയിലുണ്ട്. ചിന്തുപാട്ട്, ചിവിട്ടുനാടകം, കളമെഴുത്ത് പാട്ട് തുടങ്ങി തനത് പരമ്പരാഗത കലാരംഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തവും വാവയെ വേറിട്ടതാക്കുന്നു. വൈപ്പിന്‍കാരുടെ പ്രിയപ്പെട്ട വാവയുടെ പതിനെട്ടാം പിറന്നാള്‍ ഏറെ വിപുലമായി ആഘോഷിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനുള്ള നീക്കത്തിലാണ് ഭാരവാഹികള്‍.