വൈക്കത്ത് ശുചിമുറി മാലിന്യം തള്ളാനെത്തിയ വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി കടമുറി തകർത്തു.. അപകടത്തിൽ ലോറിയിൽ കുടുങ്ങി കിടന്ന ഒരാളെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
തെക്കേനടപ്രധാന റോഡിലായിരുന്നു അപകടം . രാത്രി ഒന്നരയോടെ മാലിന്യം തള്ളിയ ശേഷം മടങ്ങവെയാണ് ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും കടയും തകർത്തത്. ഇടിയുടെ ആഘാതത്തിൽ വല്യാറമ്പത്ത് കണ്ണമ്മ പിള്ളയുടെ ഉടമസ്ഥതയിലുള്ള കടമുറിയാണ്പൂർണ്ണമായി തകർന്നത്. . തകർന്ന ക്യാബിനിൽ കുടുങ്ങിയ ചെമ്മനത്തുകര സ്വദേശിയെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചെമ്പ് സ്വദേശിയായ വാഹന ഉടമയോട് സ്റ്റേഷനിൽഎത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.വാഹന ത്തിൻ്റെ നമ്പർ പെട്ടെന്ന് കാണാത്ത രീതിയിൽ മറച്ചാണ് ഗുണ്ടാസംഘങ്ങൾ വൈക്കത്ത് വ്യാപകമായി ശുചിമുറി മാലിന്യം തള്ളുന്നത്.
ഇവരെ പറ്റി കൃത്യമായ വിവരങ്ങൾ പൊലീസിനറിയാമെങ്കിലും നടപടിയെടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടമുണ്ടായ സ്ഥലത്തിന് സമീപം തോട്ടുവക്കം കനാലിലും, വല്ല്യാനപ്പുഴയിലും സ്ഥിരമായി ശുചിമാലിന്യം തള്ളുന്നുണ്ട്.