പ്ലാന്റും പമ്പ് ഹൗസും ഉണ്ട്; പക്ഷേ കുടിവെള്ളം കിട്ടില്ല; ജീവനക്കാരുടെ അനാസ്ഥയിൽ വലഞ്ഞ് വെള്ളൂർ

Vaikom Water
SHARE

കുടിവെള്ള പ്ലാന്റും പമ്പ് ഹൗസും ഉണ്ടെങ്കിലും ജലവിതരണ വകുപ്പ് ജീവനക്കാരുടെ അനാസ്ഥയിൽ കുടിവെള്ളം കിട്ടാതെ വൈക്കം വെള്ളൂരിൽ നൂറിലധികം കുടുംബങ്ങൾ. വെള്ളൂർ പഞ്ചായത്തിലെ ഏഴിലധികം വാർഡുകളിലാണ് കുടിവെള്ളമില്ലാത്തത്. കുടിവെള്ള പ്രശ്നം ഉള്ള സ്ഥലങ്ങളിലേക്ക് കൃത്യമായി പമ്പിങ്  ക്രമീകരിക്കാത്തതാണ് വെള്ളം കിട്ടാത്തതിന് കാരണം എന്നാണ് നാട്ടുകാരുടെ പരാതി. 

രണ്ടാം വാർഡിൽ പഞ്ചായത്ത് വിട്ടു നൽകിയ 55 സെന്റിലാണ് കുടിവെള്ളവിതരണ പ്ലാന്റ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചത്. പിന്നീട് കടുത്തുരുത്തിയിലേക്കും  വിതരണം വ്യാപിപ്പിച്ച് വെള്ളൂർ- വെളിയന്നൂർ പദ്ധതിയാക്കി. ആലപ്പുഴ ജില്ലയിലേക്ക് ജപ്പാൻ കുടിവെള്ള പദ്ധതിക്കും വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. എന്നാൽ വെളളൂരിലെ ഉയർന്ന പ്രദേശങ്ങളിലൊന്നും രണ്ട് വർഷമായി വേനൽ തുടങ്ങുന്നതോടെ കുടിവെള്ളമില്ലാത്ത സ്ഥിതിയാണ്.

തോന്നല്ലൂർ ,നീർപാറ , വരിക്കാംകുന്ന്, മേവെള്ളൂർ തുടങ്ങി ഏഴ് വാർഡുകളിലാണ് സ്ഥിതി രൂക്ഷമായത്. പതിനഞ്ച് ദിവസത്തിലധികമായി വെള്ളമില്ലാതായതോടെ പുഴയിൽ നിന്ന് വാഹനത്തിലെത്തിച്ചും രണ്ടായിരം ലിറ്റർ വെള്ളത്തിന് 600 രൂപ നൽകിയുമാണ് പല കുടുംബങ്ങളും വെള്ളം കുടിക്കുന്നത്.  ജീവനക്കാരുടെ പമ്പിംഗിലെ അനാസ്ഥയാണ് പ്രശ്നമെന്നാരോപിച്ച്  ഇടതു ഭരണസമിതി പ്രതിഷേധിച്ചു.

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് വൈക്കത്തേക്കും വെള്ളൂരിലേക്കുമുള്ള പമ്പിംങ്ങ് കൃത്യമായി ക്രമീകരിച്ച് കുടിവെള്ളം ലഭ്യമാക്കണം . പമ്പ് ഹൗസും കുടിവെള്ളപ്ലാന്റുമിരിക്കുന്ന മേവെള്ളൂരിൽ പോലും കുടിവെള്ളം നൽകാനാവാത്ത ജലവിതരണവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. 

More than 100 families in Vaikom Vellur without drinking water

MORE IN CENTRAL
SHOW MORE