വൈക്കം ഇ.വി.ആർ സ്മാരകം നവീകരിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

visitsmarakam
SHARE

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വർഷത്തിൽ വൈക്കത്തെ ഈ വി ആർ സ്മാരകം തമിഴ്നാട് സർക്കാർ നവീകരിക്കും. തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവും ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി മന്ത്രി എം.പി. സാമിനാഥനും സ്മാരകം സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. സ്മാരകം അവഗണിക്കപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദ്ദേശത്തെ തുടർന്നുള്ള പദ്ധതി.

തന്തൈ പെരിയാർ ഈ വി രാമസ്വാമിനായ്ക്കരുടെ ജൻമദിനം സമൂഹ്യ നീതിദിനമായാണ് തമിഴ്നാട് സർക്കാർ ആചരിക്കുന്നത്. എല്ലാ ജൻമദിനങ്ങളിലും തമിഴ്നാട് പ്രതിനിധികൾ വൈക്കത്തെ സ്മാരകത്തിലെത്തി ആദരമർപ്പിക്കാറുണ്ട്. തമിഴ് നാട് വാങ്ങിയ 73 സെന്റിൽ ഈ വി ആർ പ്രതിമയും മ്യൂസിയവും ലൈബ്രറിയും ആംഫി തിയറ്ററുമാണ് നിലവിലുള്ളത്. എന്നാൽ 1994ൽ തുറന്ന ഈ സ്മാരകം  വേണ്ട രീതിയിൽ നാടിന് പ്രയോജനപ്പെടാത്ത നിലയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു.സ്മാരകം തമിഴ് നാട് സർക്കാരിന്റെ കീഴിലായതിനാൽ കേരളത്തിലെ ഭരണ സംവിധാനങ്ങൾ വേണ്ട രീതിയിൽ പരിപാലിക്കാതെ വന്നതോടെയാണ് മ്യൂസിയമടക്കം അവഗണിക്കപ്പെട്ടത്. 

സ്മാരകത്തിന്റെ ഈ ശോച്യവസ്ഥ കണ്ടറിഞ്ഞതോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമുള്ള തമിഴ്നാട്  സർക്കാരിന്റെ നവീകരണപദ്ധതി.  ഇതോടെ നിലവിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന സ്മാരകത്തെ കൂടുതൽ ജനകീയമാക്കാനാവുമെന്നുമാണ് സർക്കാർ കണക്ക് കൂട്ടൽ. വൈക്കത്ത് എത്തിയ മന്ത്രിമാർ മഹാദേവ ക്ഷേത്രവും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങിയത്.

MORE IN CENTRAL
SHOW MORE