ലൈഫ് പദ്ധതിയിലനുവദിച്ച വീട് വയ്ക്കാൻ തടസം നിൽക്കുന്നെന്ന് പരാതി

issuehome-03
SHARE

ലൈഫ് പദ്ധതിയിലനുവദിച്ച വീട് വയ്ക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നതായി പരാതി. വൈക്കം തലയോലപറമ്പ് പഞ്ചായത്തിലെ ഓവർസിയർമാർക്കെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. ലൈഫ് പദ്ധതിയിൽ വീടനുവദിച്ചെങ്കിലും പെർമിറ്റ് നൽകാത്തതിനാൽ കാലാവധിക്ക് മുമ്പ് എഗ്രിമെന്റ് വയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നിരവധി നിർദ്ധന കുടുംബങ്ങൾ.

  

ഇങ്ങനെ പലക തറച്ച ഷെഡുകളിലും ജീർണ്ണിച്ച വീടുകളിലും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി കഴിയുന്ന നിർദ്ധന കുടുബങ്ങൾക്ക് നേരെയാണ് ഉദ്യോഗസ്ഥരുടെ  നടപടി. പിന്നോക്ക വിഭാഗത്തിൽ അപേക്ഷ നൽകിയിരിക്കുന്നതിൽ  ഭൂരിഭാഗവും അഞ്ച് സെന്റും മൂന്ന് സെന്റും സ്ഥലത്ത് ജീർണ്ണാവസ്ഥയിലായ വീടുകളിലുള്ളവരാണ്. ഇവിടെ സമീപ പുരയിടത്തിൽ നിന്നും ഗ്രാമീണ റോഡിൽ നിന്നും മാനദണ്ഡപ്രകാരമുള്ള മൂന്ന് മീറ്റർഅകലം പാലിച്ചാൽ പദ്ധതി പ്രകാരമുള്ള 600 സ്ക്വയർ ഫീറ്റ് വീട് പണിയാൻ കഴിയില്ല. ഇവരുടെ ഭൂമി തരം മാറ്റി നൽകാതെ റവന്യു വകുപ്പും കർശന നിയമം പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥരും ബലം പിടിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം.

പഞ്ചായത്ത്‌ പ്രസിഡന്റും ഭരണ പ്രതിപക്ഷ അംഗങ്ങളും പറഞ്ഞിട്ടും പഞ്ചായത്ത് ഉദ്യോഗസ്ഥർ പെർമിറ്റ് നൽകാതെ വന്നതോടെ അപേക്ഷ നൽകിയവരിൽ മാത്രം എട്ട് കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്.

തലയോലപറമ്പ് ടൗണിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ തന്നെ യാതൊരു മാനദണ്ഡവും പാലിക്കാതെ വ്യാപാര സമുച്ചയങ്ങൾ ഉയരുമ്പോഴാണ് സാധാരണക്കാർക്ക്  സർക്കാർ പദ്ധതിയിൽ നൽകുന്ന വീട്പണിയാൻ ഉദ്യോഗസ്ഥരുടെ ഈ കടുംപിടിത്തം.ഉദ്യോഗസ്ഥ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് യു ഡി എഫ്നേതൃത്വം.

MORE IN CENTRAL
SHOW MORE