
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. കനിയണമെന്ന് വാട്ടര്‍ അതോറിറ്റിയോട് അപേക്ഷിച്ചിട്ടുണ്ട്. ഏഴ് വര്‍ഷമായി വെള്ളക്കരം അടക്കാതായതോടെയാണ് വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചത്. സമാനമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും സ്ഥിതി.
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍റെ വെള്ളക്കരം കുടിശിക 1.68 കോടിയാണ്. കഴിഞ്ഞയാഴ്ച കണക്ഷന്‍ കട്ട് ചെയ്തു. പലവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കോടതികള്‍ തുടങ്ങി ജീവനക്കാരടക്കം ആയിരക്കണത്തിന് പേര്‍ എത്തുന്ന ഓഫിസിലെ ശുചിമുറിയില്‍പോലും ഒരു തുള്ളി വെള്ളമില്ല. കഴിഞ്ഞ ദിവസം മുതല്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്നുണ്ട്. അതും കൃത്യമായി കിട്ടാറില്ല. ടാങ്കര്‍ വെള്ളമൊന്നും തികയില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചതോടെയാണ് ടാങ്കറില്‍ വെള്ളമെത്തിച്ച് തുടങ്ങിയത്.
ഓഫിസ് മേധാവിമാര്‍ യോഗം ചേര്‍ന്ന് പണമടയ്ക്കാന്‍ സാവകാശം തേടിയിരുന്നു. ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം അനുസരിച്ച് കുടിശിക അടയ്ക്കാന്‍ പണം ശേഖരിക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് എംഡിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമാനമാണ് സാഹചര്യം. ആശുപത്രിയായത് കൊണ്ടാണ് കണക്ഷന്‍ വിഛേദിക്കാത്തത്.