മഴയ്ക്കൊപ്പം വന്യമൃഗങ്ങളുടെ ശല്യവും; കാഞ്ഞിരപ്പള്ളിയിൽ കൃഷിനാശം പതിവ്

elephantkoruthod-02
SHARE

തോരാതെ പെയ്യുന്ന മഴയ്‌ക്കൊപ്പം കാടിറങ്ങി വന്യമൃഗങ്ങള്‍ കൂടി എത്തുന്നതോടെ കൃഷി നാശം പതിവായി കാഞ്ഞിരപ്പള്ളി കോരുത്തോട് പ്രദേശം. മാങ്ങാപ്പേട്ടയിലും കൊമ്പുകുത്തിയിലും കാട്ടാനാ ഇറങ്ങിയതോടെ കൃഷി നാശം രൂക്ഷമാണ്. വന്യമൃഗങ്ങളുടെ വരവ് തടയാൻ സോളാർ വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയെല്ലാം കാടുകയറി നശിച്ചു

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണികള്‍ക്കൊപ്പം കാടിറങ്ങി വന്യമൃഗങ്ങളും എത്തുന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് വനാതിര്‍ത്തി മേഖലയിലെ ജനങ്ങള്‍. കഴിഞ്ഞദിവസം കോരുത്തോട് പഞ്ചായത്തിന്റെ മാങ്ങാപ്പേട്ട, കൊമ്പുകുത്തി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കപ്പ തുടങ്ങി ഒരു വർഷമായി കൃഷി ചെയ്ത് വന്നവയെല്ലാം നശിച്ചു . കൊമ്പുകുത്തി -മടുക്ക പാതയോരത്ത് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. മഴമൂലം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ആനകള്‍ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കുവാന്‍ മാത്രമേ കര്‍ഷകര്‍ക്കാകുന്നുള്ളൂ.

 വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കുവാന്‍ സോളാര്‍വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും മതിയായ സംരക്ഷണം നല്‍കാത്തതുമൂലം മിക്കയിടങ്ങളിലും ഇവ നശിച്ച അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നതല്ലാതെ പിന്നീട് ഇത് പരിപാലിക്കുന്നില്ല .

 സോളാര്‍ വേലികളുടെ സംരക്ഷണം ഉറപ്പാക്കി വന്യമൃഗ ശല്യത്തില്‍ നിന്നു വനാതിര്‍ത്തി മേഖലയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE