സർക്കാർ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല, പ്രവർത്തിക്കുന്നത് കമ്മ്യൂണിറ്റി ഹാളിൽ

chanthankery-school
SHARE

കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല, സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍. തിരുവല്ലയിലെ ചാത്തങ്കേരി എല്‍പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് സ്വന്തമായി കെട്ടിടമില്ലാതെ വലയുന്നത്. പ്രളയം മൂലം സ്കൂള്‍ കെട്ടിടത്തിന് വിള്ളലുണ്ടായതോടെയാണ് സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായത്. പുതിയ കെട്ടിടത്തിനായി പലതവണ മന്ത്രിക്കും എംഎല്‍എയ്ക്കും ഉള്‍പ്പെടെ അപേക്ഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 

തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് സ്കൂള്‍ കെട്ടിടമുള്ളത്. ആദ്യത്തെ പ്രളയത്തില്‍ കെട്ടിടം വെള്ളത്തിലായി. ഇതോടെ കെട്ടിടത്തിനു കേടുപാടുകളുമുണ്ടായി. ഈ അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല. ഇതോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. പുതിയ കെട്ടിടത്തിനായി 2021 മുതല്‍ പലതവണ മന്ത്രിയ്ക്കും എംഎല്‍എയ്ക്കും അടക്കം അധ്യാപകരും രക്ഷിതാക്കളും അപേക്ഷകള്‍ നല്‍കി. ആവശ്യപ്പെട്ടത് അനുസരിച്ച് എസ്റ്റിമേറ്റുകളും നല്‍കി. 

തീര്‍ത്തും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണിത്. പഴയ സ്കൂള്‍ കെട്ടിടം ഉള്ളത് പതിനഞ്ചാം വാര്‍ഡിലാണെങ്കില്‍ കമ്യൂണിറ്റി ഹാളുള്ളത് പതിമൂന്നാം വാര്‍ഡിലാണ്യ. കമ്യൂണിറ്റി ഹാളിലെത്താന്‍ രണ്ടര കിലോമീറ്റര്‍ യാത്രചെയ്യണം. സ്കൂള്‍ ബസ് സൗകര്യവും ഇല്ല. ഓട്ടോറിക്ഷയില്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നത് അധ്യാപകരുടെയും സഹായത്തിലാണ്. പല കുട്ടികളും ഇതുമൂലം ടിസി വാങ്ങി പോകുകയാണ്.

അപേക്ഷകള്‍ നല്‍കിയപ്പോഴെല്ലാം നടപടിയുണ്ടാക്കാം എന്ന മറുപടിയാണ് ലഭിച്ചത്. എത്രയും വേഗം പുതിയൊരു സ്കൂള്‍ കെട്ടിടത്തിനുള്ള അനുമതി നല്‍കണമെന്ന അപേക്ഷയാണ് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും.‌

MORE IN CENTRAL
SHOW MORE