ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വിവാദം; യുഡിഎഫ്, ബിജെപി ഉപരോധ സമരം

Ottappalam-taluk-hospital
SHARE

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള താൽക്കാലിക നിയമന കൂടിക്കാഴ്ചയെച്ചൊല്ലി വിവാദം. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയെയും ഡയാലിസിസ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെയും പങ്കെടുപ്പിക്കാതെ നടത്തിയ കൂടിക്കാഴ്ച റദ്ദാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. നഗരസഭയിലെ യുഡിഎഫ്, ബിജെപി കൗൺസിലർമാർ ആശുപത്രി ഓഫിസിനു മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. 

നഗരസഭാധ്യക്ഷയും ആശുപത്രി സൂപ്രണ്ടും ലേ സെക്രട്ടറിയും മാത്രം പങ്കെടുത്ത് നടത്തിയ കൂടിക്കാഴ്ച ക്രമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു സമരം. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രൂപ ഉണ്ണിയുടെ നേതൃത്വത്തിലെത്തിയ കൗൺസിലർമാർ ഓഫിസിന്റെ വാതിലിനു മുന്നിൽ ഒരു മണിക്കൂറോളം കുത്തിയിരുന്നു.

ഇതിനിടെ സമരക്കാർ കലക്ടറെയും സബ് കലക്ടറെയും ജില്ലാ മെഡിക്കൽ ഓഫിസറെയും ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. കൂടിക്കാഴ്ച റദ്ദാക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തഹസിൽദാർ സി.എം.അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ റവന്യു, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിയുണ്ടെങ്കിൽ രേഖാമൂലം ഡിഎംഒയെ അറിയിക്കാൻ ഉദ്യോഗസ്ഥർ സമരക്കാരോടു നിർദേശിച്ചു.

കൂടിക്കാഴ്ച റദ്ദാക്കാൻ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചതെന്നു കൗൺസിലർമാർ അറിയിച്ചു. അതേസമയം കൂടിക്കാഴ്ചയ്ക്ക് ഒരാൾ മാത്രമാണ് ഹാജരായതെന്നും ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ പൂർണമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്റർവ്യൂ ബോർഡിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയും ഡയാലിസിന്റെ ചുമതല വഹിക്കുന്ന ഡോക്ടറും വേണമെന്നു ചട്ടത്തിൽ പറയുന്നില്ലെന്നും വിശദീകരണമുണ്ട്.

MORE IN CENTRAL
SHOW MORE