വനിതാശിശുക്ഷേമ വകുപ്പിന്റെ അവഗണന; എച്ച്ഐവി ബാധിതരെ തിരിച്ചേൽപ്പിക്കാൻ പുനരധിവാസകേന്ദ്രം

hiv-protest-aluva
SHARE

വനിതാശിശുക്ഷേമ വകുപ്പിന്റെ അവഗണനയില്‍ തുടര്‍ചികിത്സയടക്കം പ്രതിസന്ധിയിലായ എച്ച് ഐ വി ബാധിതരെ ഒടുവില്‍ വകുപ്പില്‍ തിരിച്ചേല്‍പ്പിക്കാനൊരുങ്ങി പുനരധിവാസകേന്ദ്രം നടത്തിപ്പുകാര്‍. ആലുവ മുപ്പത്തടത്തെ സ്വന്തം ചാരിറ്റബിള്‍ സൊസൈറ്റി നടത്തിപ്പുകാരാണ് എച്ച്ഐവി ബാധിതരായ അന്തേവാസികളുമായി ജില്ലാ വനിതാശിശുക്ഷേമ വകുപ്പിന്റെ ഒാഫിസിലെത്തി പ്രതിഷേധിച്ചത്. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നേരിട്ടെത്തി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ അന്തേവാസികളുമായി മടങ്ങിയത്.

കെട്ടിട നിര്‍മാണത്തിനും, ബോധവത്കരണ പരിപാടികള്‍ക്കുമൊക്കെയായി കോടികള്‍ പൊടിക്കുന്ന വനിതാശിശുക്ഷേമ വകുപ്പിന്റെ അനാസ്ഥ ഒന്ന് മാത്രമാണ് ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞ ഈ പാവം സ്ത്രീകളെ ഇത്തരമൊരു അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിച്ചത്. എച്ച് ഐ വി ബാധിതര്‍ക്കുള്ള മധ്യകേരളത്തിലെ ഏക പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളായ ഇവരില്‍ കിടപ്പ് രോഗികളായ അമ്മമാരടക്കമുണ്ട്. ഇവരില്‍ പലരും മാനസികാസ്വാസ്ഥ്യമുള്ളവരുമാണ്. 

എച്ച് ഐ വി ബാധിതരായ വനിതകളെ സംരക്ഷിക്കുന്നതിനായുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി മുപ്പത്തടത്തെ സ്വന്തം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയാണ് നടപ്പിലാക്കുന്നത്. എഴുപത് ശതമാനം സര്‍ക്കാര്‍ ഗ്രാന്റിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നില്ല. 2020ല്‍ കോവിഡ് വ്യാപന സമയത്ത് ജില്ലാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ ജീവനക്കാരുടെ കുറവും, പ്രവര്‍ത്തനത്തില്‍ വീഴ്ചയും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സഹായധനം ലഭിക്കാതായത്.

ഇരുപത് മാസത്തിലധികമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് അന്തേവാസികള്‍ക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കുമുള്ള വക കണ്ടെത്തുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പലതരം ന്യായങ്ങള്‍ നിരത്തി വകുപ്പ് കൈമലര്‍ത്തിയതോടെയാണ് അന്തേവാസികളെ തിരികെയേല്‍പ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇവരെത്തിയതും.

വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ജില്ലാ വനിതാശിശുക്ഷേമവകുപ്പില്‍ നേരിട്ടെത്തി അന്തേവാസികളോടും സൊസൈറ്റി അംഗങ്ങളോടും സംസാരിച്ചു. ഫണ്ട് അനുവദിച്ചു നല്‍കാന്‍ ഒാഫിസര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന  ഉറപ്പും കലക്ടര്‍ നല്‍കി. കലക്ടറുടെ ഉറപ്പ് വിശ്വസിച്ച് ഉച്ചയോടെ അന്തേവാസികളുമായി ഇവര്‍ മുപ്പത്തടത്തെ പുനരധിവാസകേന്ദ്രത്തിലേക്ക് മടങ്ങി

MORE IN CENTRAL
SHOW MORE