
വന്യമൃഗശല്യം അടക്കം പ്രതിസന്ധികളെ തരണം ചെയ്ത് മേടത്തിലെ ഞാറ്റുവേലയിൽ വിത്തിറക്കി പ്രതീക്ഷകളുടെ നല്ല കാലം കാത്തിരിക്കുകയാണ് ഇടുക്കി ചിന്നക്കനാലിലെ ഗോത്രവർഗ കർഷകർ. 301 കോളനിയിലെ മുതുവാൻ സമുദായത്തിൽ പെട്ട ആദിവാസികൾ ഗോത്രാചാര പ്രകാരമുള്ള നടീൽ ഉത്സവം നടത്തി.
വന്യ മൃഗ ശല്യം, കുടിയിറക്ക് ഭീഷണി തുടങ്ങി ഒട്ടേറെ ദുരിതങ്ങളെ തരണം ചെയ്താണ് ആദിവാസി കർഷകർ ആനയിറങ്കൽ ജലാശയത്തോട് ചേർന്ന 15 ഹെക്ടർ തരിശു ഭൂമി വെട്ടി തെളിച്ച് കൃഷി യോഗ്യമാക്കിയത്. ഇഞ്ചി, മഞ്ഞൾ, ബീൻസ് എന്നിവയുടെ കൃഷിയാണ് തുടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷികൾ ആരംഭിച്ചത്. കൃഷികൾ ചെയ്യുന്നതിന് അനുകൂലമായ സാഹചര്യമാണ് കാർത്തിക ഞാറ്റുവേലയുടെ ഒന്നാം ഭാഗം എന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതിനെ തുടർന്നാണ് മേടമാസത്തിലെ കാർത്തിക ഞാറ്റുവേലയിൽ ഗോത്രവർഗ്ഗ സമൂഹം കൃഷികൾ തുടങ്ങിയത്.