
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ക്രമക്കേട് നടത്തിയ പത്തനംതിട്ട മൈലപ്ര സഹകരണബാങ്കില്‍ ഇന്നും നിക്ഷേപകരുടെ പ്രതിഷേധം. പുതിയ സെക്രട്ടറിയെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ തിരിമറിയില്‍ മാത്രമാണ് ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ രണ്ടു മാസത്തോളമായി മൈലപ്രബാങ്കില് ഇത് പതിവാണ്. രാവിലെ മുതല്‍ നിക്ഷേപകരെത്തും. കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടാനായി കാത്തിരുന്നു മടുക്കുമ്പോള്‍ ആശങ്കയും ദുഖവും പിടിച്ചു നിര്‍ത്താനാകില്ല. ജില്ലയിലെ തന്നെ പ്രധാന സഹകരണബാങ്കാണ് മൈലപ്രയിലേത്. കഴിഞ്ഞ കുറച്ചുനാളായി ബാങ്കിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല. ചട്ടവിരുദ്ധമായി നല്കിയ വായ്പകളാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു.
ഒപ്പം ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ക്രമക്കേടും. ധാന്യങ്ങള്‍ വാങ്ങിയതില്‍ നാലുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്. അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത സെക്രട്ടറിക്ക് കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റിലായിട്ടില്ല. കോവിഡിനു ശേഷം വായ്പ തിരിച്ചടവ് കാര്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണസമിതിയുടെ വിശദീകരണം.