തണ്ണീർത്തടങ്ങളിലേക്ക് മാലിന്യം ഒഴുക്കി; പന്നിഫാം അടച്ചു പൂട്ടിച്ചു

pigfarmwb
SHARE

വൈക്കത്ത് തണ്ണീർത്തടങ്ങളിലേക്ക് മാലിന്യം ഒഴുക്കി അനധികൃതമായി  പ്രവർത്തിച്ച പന്നിഫാം അടച്ചു പൂട്ടി.  മറവൻതുരുത്ത് പത്താം വാർഡിൽ  ഒരു വർഷമായി പ്രവർത്തിച്ചിരുന്ന പന്നിഫാമാണ് പഞ്ചായത്ത്  പൂട്ടിച്ചത്. ഫാമിലുണ്ടായിരുന്ന  പന്നികളെ മീറ്റ് പ്രൊഡക്റ്റ് ഇന്ത്യക്ക് കൈമാറി.

മറവന്തുരുത്ത് പഞ്ചായത്തിലെ ഉൾപ്രദേശത്ത് തണ്ണീർതടം നികത്തി നിർമിച്ച ഷെഡിലാണ് പന്നിഫാം പ്രവർത്തിച്ചിരുന്നത്. ഇടവട്ടം സ്വദേശിയുടെ ഫാമിൽ നൂറിലേറെ പന്നികളാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഫാമിൻ്റെ പ്രവർത്തനം. ഫാമിലെ മാലിന്യ മത്രയും തണ്ണീർത്തടങ്ങളിലേക്കാണ് തുറന്നു വിട്ടത്. പ്രദേശമാകെ മാലിന്യം നിറഞ്ഞ് ദുർഗന്ധം അസഹനീയമായതോടെ ആറ് മാസം മുമ്പ് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. പരിശോധന നടത്തിയ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഉടമ അവഗണിച്ചു. ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയിലും ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. തുടർന്ന് ഏഴോളം  നോട്ടീസ്  നൽകിയെങ്കിലും ഫാമിൻ്റെ പ്രവർത്തനം നിർത്താൻ ഉടമ തയ്യാറായില്ല. ഇതോടെയായിരുന്നു   പഞ്ചായത്തിൻ്റെ നിയമപരമായ നടപടി. 

ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും പകുതിയിലേറെ പന്നികളെ ഉടമ കടത്തിയിരുന്നു. ബാക്കി ഉണ്ടായിരുന്ന 34 പന്നികളെ കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡകറ്റ് ഇന്ത്യക്ക് കൈമാറിയത്.   ചതുപ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വൈദ്യുതിയെടുത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി. ഫാം പ്രവർത്തിച്ച കെട്ടിടം പൊളിച്ചുനീക്കാനും ഉടമക്കെതിരെ നിയമ നടപടിയെടുക്കാനുമാണ് പഞ്ചായത്തിൻ്റെ നീക്കം. വൈക്കത്തെ പല പഞ്ചായത്തുകളുടെയും ഉൾപ്രദേശങ്ങളിൽ ഗുണ്ടാസംഘങ്ങളുടെ തണലിൽ ഇത്തരം ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.  നടപടിയെടുക്കേണ്ട പഞ്ചായത്തുകളും സർക്കാർ വകുപ്പുകളും കണ്ണടക്കുന്നതാണ് തണ്ണീർതടങ്ങളുടെ നാശത്തിനും പ്രദേശവാസികളുടെ ദുരിതത്തിനും ഇവ കാരണമാകുന്നത്.

MORE IN CENTRAL
SHOW MORE