വൈക്കത്ത് പൊതുശ്മശാനം അടച്ചിട്ട് 8 മാസം; വലഞ്ഞ് ജനങ്ങൾ; അടിയന്തര നടപടി വേണം

cemetry-11
SHARE

പ്രവർത്തനം നിലച്ച വൈക്കം നഗരസഭയുടെ പൊതുശ്മശാനം തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു. വൈക്കത്തെ ഏക പൊതു ശ്മശാനമാണ് നഗരസഭയുടെ അനാസ്ഥ മൂലം എട്ട് മാസമായി തുറക്കാതെ കിടക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെയടക്കം മൃതദേഹങ്ങൾ അടക്കാൻ സമീപ ജില്ലകളിൽ പോകേണ്ട ഗതികേടിലാണ് നാട്ടുകാർ.

2009 ൽ ലക്ഷങ്ങൾ മുടക്കി നഗരസഭ നിർമിച്ച ആധുനിക ശ്മശാനമാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്. എട്ട് മാസം മുമ്പ് ഒന്നിലധികം കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഒറ്റ ദിവസം ദഹിപ്പിക്കേണ്ടി വന്നതോടെയാണ് ശ്മശാനത്തിലെ വയറിങ് അടക്കം കത്തി ഉപകരണങ്ങൾ കേടായത്.  കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാനായി  തൃപ്പൂണിത്തുറയിലൊ ചേർത്തലയിലൊ പോകേണ്ട ഗതികേടാണ്.  മാസങ്ങളായി ഈ ദുരവസ്ഥ തുടർന്നിട്ടും നഗരസഭക്ക് കുലുക്കമില്ല. 

കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ്   ശ്മശാനത്തിലെ ഉപകരണങ്ങൾ കേടാകാൻ കാരണമെന്നാണ് ആക്ഷേപം. വാർഷിക അറ്റകുറ്റ പണികൾക്കുള്ള വ്യവസ്ഥയില്ലാതെയാണ്  ഉപകരണങ്ങൾ സ്ഥാപിച്ചത്. കേടുപാടുകൾ ഉണ്ടായാൽ കയ്യിൽ നിന്ന് പണം മുടക്കേണ്ടി വരുമെന്നതിനാൽ നഗരസഭ മുഖംതിരിച്ചു. പ്രതിഷേധം ശക്തമായതോടെ ശ്മശാനം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ വാദം. ശ്മശാനം നന്നാക്കാൻ രണ്ട് ലക്ഷത്തിലേറെ രൂപയും വാർഷിക അറ്റകുറ്റപ്പണിക്കായി ഒന്നേക്കാൽ ലക്ഷം രൂപയ്ക്കുമുള്ള ടെൻഡർ അംഗീകരിച്ചുവെന്നും  വിശദീകരണം. 

MORE IN CENTRAL
SHOW MORE