ഗ്ലാസ് ഫാക്ടറി വസ്തുവക ലേലം; കോടികൾ ലഭിച്ചിട്ടും തൊഴിലാളികൾക്ക് ആനുകൂല്യമില്ല; പരാതി

glassfactory-08
SHARE

ആലപ്പുഴ പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസ് ഫാക്ടറി വസ്തുവകകളുടെ ആദ്യഘട്ട ലേലത്തിലൂടെ  കോടികള്‍ ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതി. കോടതിയില്‍ കേസുണ്ടെന്ന ന്യായം പറഞ്ഞാണ്  ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത്.   ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതും കേസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്  തൊഴിലാളികള്‍ പറയുന്നു.

ഒന്‍പത് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയാണ് പാതിരപ്പള്ളിയിലെ ആധുനിക വ്യവസായ സ്ഥാപനമായ എക്സല്‍ ഗ്ലാസ് ഫാക്ടറി.  ഇവിടെയുണ്ടായിരുന്ന അറുനൂറോളം തൊഴിലാളികള്‍ക്ക്  ഇതുവരെ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല.. ലിക്യുഡേറ്ററെ കോടതി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ വസ്തുവകകള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക ഉപയോഗിച്ച് ആദ്യം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. കമ്പനിയില്‍ നിര്‍മിച്ച  കുപ്പികള്‍,സ്ക്രാപ്പ് അടക്കമുള്ളവ ലേലം ചെയ്തപ്പോള്‍  17 കോടിയോളം രൂപ ലഭിച്ചു, തൊഴിലാളികള്‍ക്ക് നല്‍കേണ്ടത് ഏഴരകോടിയോളം രൂപയാണെന്നാണ്  വ്യാവസായ ട്രൈബ്യൂണലില്‍ മാനേജ്മെന്‍റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ ആരോ കേസ് കൊടുത്തിട്ടുണ്ട് എന്നുപറഞ്ഞ്  ആനുകൂല്യങ്ങള്‍   നല്‍കുന്നില്ലെന്നാണ് പരാതി.

തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതിന് മാനേജ്മെന്റിന്‍റെ അറിവോടെയാണ്  ചിലര്‍ കേസ് നല്‍കിയിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കമ്പനി പൂട്ടിയതിനുശേഷം മരിച്ച നിരവധി തൊഴിലാളികളുണ്ട്.ലോക് ഡൗണ്‍ കാലത്ത് പോലും തൊഴിലാളികള്‍ക്ക് ഒരു സഹായവും കിട്ടിയിട്ടില്ല. ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അത് ഉടന്‍ വിതരണം ചെയ്യണമെന്നാണ് തൊഴിളാളികളുടെയും യൂണിയനുകളുടെയും ആവശ്യം. 

MORE IN CENTRAL
SHOW MORE