അനിശ്ചിതത്വമൊഴിഞ്ഞു; മാന്നനൂർ ഉരുക്കു തടയണയുടെ പുനർ നിർമാണത്തിന് സാധ്യത

mannanoorwb
SHARE

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഒറ്റപ്പാലം മാന്നനൂർ ഉരുക്കു തടയണയുടെ പുനർ നിർമാണത്തിന് സാധ്യത തെളിയുന്നു. നാല് വർഷം മുൻപ് തകർന്ന തടയണ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. പ്രദേശത്ത് ഗതിമാറി ഒഴുകുന്ന ഭാരതപ്പുഴയിൽ ഏക്കർ കണക്കിനു കൃഷിഭൂമി ഒഴുകിപ്പോയിട്ടും സംരക്ഷണഭിത്തി നിർമാണം അനിശ്ചിതത്വലായിരുന്നു.

വാണിയംകുളം പഞ്ചായത്തിലെ മാന്നനൂർ, തൃശൂർ ജില്ലയിലെ പൈങ്കുളം കടവുകളെ ബന്ധിപ്പിച്ചു പുഴയ്ക്കു കുറുകെ 2016 ലായിരുന്നു തടയണ നിർമാണം. പാർശ്വഭിത്തി 2018 ലെ പ്രളയത്തിലാണു തകർന്നത്. 2019 ലെ വെള്ളപ്പൊക്കത്തില്‍ സ്ഥിതി ഗുരുതരമായി. നിലവിൽ ഭിത്തി തകർന്ന ഭാഗത്ത് കൂടിയാണ് പുഴയുടെ ഒഴുക്ക്. തീരത്തെ ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയും കർഷകരുടെ ആറ് ഏക്കറോളം കൃഷിഭൂമിയും ഒഴുകിപ്പോയി. തടയണയുടെ പാർശ്വഭിത്തി നിർമാണത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചു പഠനം നടത്തി പദ്ധതി തയാറാക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ. 

പ്രദേശത്തെ ശുദ്ധജല പദ്ധതികൾക്കും കൃഷിക്കുമായി പുഴയ്ക്കു കുറുകെ ജലസേചന വകുപ്പ് നിർമിച്ച തടയണയാണിത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 2016 ലായിരുന്നു തടയണ നിർമാണം. സംസ്ഥാനത്തെ ആദ്യ ഉരുക്കു തടയണയെന്ന പെരുമയായിരുന്നു പദ്ധതിക്കുണ്ടായിരുന്നത്. വെള്ളം സംഭരിക്കാനാകാത്തതിനാൽ പ്രദേശത്തു വേനൽക്കാലത്ത് കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.

MORE IN CENTRAL
SHOW MORE